1912ല്‍ വിളിച്ചാല്‍ കറണ്ടുമായി കെ.എസ്.ഇ.ബി വീട്ടുപടിക്കലെത്തും
വൈദ്യുതി കണക‍്ഷന്‍ അടക്കമുള്ള സേവനങ്ങള്‍ കെഎസ്‌ഇബി ഇനി വീട്ടുപടിക്കല്‍ എത്തിക്കുന്നു. ‘1912’ എന്ന നമ്ബറില്‍ രജിസ്റ്റര്‍ ചെയ്താല്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി സേവനങ്ങള്‍ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്‌ഷന്‍, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ് / കോണ്‍ട്രാക്‌ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍-മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇനി എളുപ്പത്തില്‍ ലഭിക്കുക. ഇതിനായി പേരും ഫോണ്‍ നമ്ബറും പറഞ്ഞ് രജിസ്റ്റര്‍ ചെയ്യണം.അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ് അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിക്കുന്നത്. ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും.
ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. വിവരങ്ങള്‍ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തി അടയ്ക്കേണ്ട തുക അടക്കമുള്ള വിവരങ്ങള്‍ അറിയിക്കും.
ഓണ്‍ലൈനായി തുക അടയ്ക്കുമ്ബോള്‍ സേവനം ലഭ്യമാകും.അടുത്ത മാസം മുതല്‍ ഈ സംവിധാനം പരീക്ഷണാര്‍ഥം 100 സെക‍്ഷന്‍ ഓഫിസുകളില്‍ നടപ്പാക്കും. രണ്ടാം വാരത്തോടെ പൈലറ്റ് ഘട്ടം നടത്തി ജൂണിനു മുന്‍പു സംസ്ഥാന വ്യാപകമാക്കാനാണു തീരുമാനം. ഇതിനായി മൊബൈല്‍ ആപ്പും വികസിപ്പിക്കും. ആദ്യഘട്ടത്തില്‍ നിലവിലെ ലോ ടെന്‍ഷന്‍ (എല്‍ടി) ഉപയോക്താക്കള്‍ക്കും പുതുതായി എല്‍ടി കണക‍്ഷന് അപേക്ഷിക്കുന്നവര്‍ക്കുമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍എസ്പിള്ള അറിയിച്ചു.
Comments (0)